താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തച്ചംപൊയിൽ ഈർപ്പോണ സ്വദേശി വട്ടിക്കുന്നുമ്മൽ അബ്ദുൽ മുനീറാണ് അറസ്റ്റിലായത്. താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ നിന്നാണ് വ്യാജ സ്വർണം പണയം വെച്ച് പല തവണയായി 5,53,300 രൂപ തട്ടിയത്. ജീവനക്കാർ തന്ത്രപൂർവ്വം യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 8നും ജൂൺ 27നും ഇടയിൽ അഞ്ചു തവണയായിട്ടാണ് ഇയാൾ പണം തട്ടിയത്. ഒർജിനലിനെ വെല്ലുന്ന രൂപത്തിൽ BlS ഹാൾമാർക്ക് മുദ്രയടക്കം കൊത്തിവെച്ച വ്യാജ സ്വർണാഭരണങ്ങളാണ് പണയം വെച്ചത്. ഇന്നലെ വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് അബ്ദുൽ മുനീർ പിടിയിലായത്. സമാനമായ രീതിയിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.