മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അധ്യാപകൻ്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതായി പരാതി. കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് അധ്യാപകൻ ചൂരൽ കൊണ്ട് പൊതിരെ തല്ലിയത്. ഗണിതാധ്യാപകനാണ് ചൂരൽ കൊണ്ടടിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
ഹോം വർക്ക് ചെയ്തില്ലേന്ന് ചോദിച്ച് പുറകുവശത്തിലൂടെ വന്ന അധ്യാപകൻ വലിയൊരു ചൂരൽ കൊണ്ട് കൈപ്പത്തിക്ക് മുകൾ ഭാഗത്തായി പൊതിരെ തല്ലുകയായിരുന്നു. അടിച്ചതിന് ശേഷവും അധ്യാപകൻ പൊട്ടലുള്ള കൈകൊണ്ട് കുട്ടിയെ ബോർഡിൽ നിർബന്ധിച്ചു എഴുതിപ്പിച്ചു. കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാനധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. സ്‌കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ലെന്നും വീട്ടുകാർ പറയുന്നു.