കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. കണ്ണൂർ എരമം സ്വദേശിയായ സൂരജിന്റെയും വിജിഷയുടെയും ഏകമകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്.
കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞത് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ദമ്പതികൾക്ക് എട്ടു വർഷം കാത്തിരുന്ന ശേഷമുണ്ടായ കുട്ടിയാണ് ദേവാൻഷ്.
സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.