Trending

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


താമരശ്ശേരി: പുനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. എകരൂൽ സ്വദേശി ആലോക്കണ്ടി ഷിജു (47) വിനെയായിരുന്നു പൂനൂർ പുഴയിൽ കാണാതായത്. സന്നദ്ധ സംഘടനയുടെ തിരച്ചിലിനിടെ ഇന്ന് രാവിലെ ഏഴരയോടെ പൂനൂർ പഴയ പാലത്തിൻ്റെ താഴെ ഭാഗത്ത് 4 കിലോമീറ്ററോളം അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

ഞായറാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു ഷിജുവിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. താമരശ്ശേരിയിൽ നിന്നും വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റു രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടം. പൂനൂർ പുഴയുടെ കരയിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങി. ഇതിനിടയിലായിരുന്നു ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും സിവിൽ ഡിഫൻസ് സേനയും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post