Trending

മീൻ പൊരിച്ചതില്‍ നിന്ന് കിട്ടിയത് ചത്ത അട്ടയെ; പോലീസ് കാന്റീന്‍ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍.

തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസ് കാന്റീൻ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനാണ് പൂട്ട് വീണത്. മത്സ്യം പൊരിച്ചതിൽ നിന്നും ചത്ത അട്ടയെ കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് പാഴ്‌സൽ വാങ്ങിയ ഒരു പോലീസുകാരനാണ് ചത്ത അട്ടയെ കിട്ടിയത്. 

സംഭവത്തിന് പിന്നാലെ കാൻ്റീനിൽ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് കാന്റീന്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോർപ്പറേഷൻ നിർദ്ദേശിച്ചു. കഴിഞ്ഞ കുറച്ചധികം നാളുകളായി കാന്റീനിലെ ഭക്ഷണത്തെക്കുറിച്ച്‌ പരാതികള്‍ ഉയർന്നിരുന്നു. എന്നാല്‍ പോലീസുകാരുടെ ഏക ആശ്രയത്വമാണ് ഈ കാന്റീൻ എന്നതിനാല്‍ ആരും പരാതിയുമായി മുന്നോട്ടു പോയില്ല. 

ചൊവ്വാഴ്ച കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ പോലീസുകാരൻ ചോറിനൊപ്പം ഒരു പൊരിച്ച മത്സ്യം കൂടി ഓർഡർ ചെയ്തു. പാഴ്‌സലായാണ് സാധനം വാങ്ങിയത്. വീട്ടിലെത്തി പൊതി അഴിച്ച്‌ നോക്കിയപ്പോഴാണ് മീൻ പൊരിച്ചതിൽ ചത്ത അട്ടയെ കണ്ടത്തിയത്. വിവരമറിഞ്ഞ് കോര്‍പ്പറേഷന്‍ അധികൃതര്‍ കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തുന്നത്. ഉടൻ തന്നെ കാന്റീൻ പൂട്ടാൻ ഉത്തരവ് ഇടുകയും ചെയ്തു.

Post a Comment

Previous Post Next Post