കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു. ആളപായമില്ല. രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്. നവീകരണം നടക്കുന്ന സ്റ്റേഷനിലെ 130 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ പഴയ സ്റ്റേഷന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിന്റെ ഭാഗമാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് തകർന്നു വീണത്. തകർന്നു വീണ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി തുടങ്ങി. കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12.15 നുള്ള വിവരമനുസരിച്ച് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് ഷീറ്റുകൾ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾ വീണത്. മുൻകരുതലിന്റെ ഭാഗമായി 1,2,3 ട്രാക്കുകളിലെ വൈദ്യുതി ഓഫ് ചെയ്തതാണ് ട്രെയിൻ ഗതാഗതത്തെ ബാധിച്ചത്. ഉച്ചയ്ക്ക് 2.05 ന് പുറപ്പെടേണ്ട കോഴിക്കോട് – കണ്ണൂർ പാസഞ്ചർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നതിനിടെയാണ് കാലപ്പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നത്. അപകടം ഉണ്ടാകുമ്പോൾ യാത്രക്കാർ ഇല്ലാതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അവശിഷ്ടങ്ങൾ മാറ്റാൻ സമയമെടുക്കുമെന്നു റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും ആർപിഎഫ് ഓഫിസും ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്.
ബുധനാഴ്ച കെട്ടിടത്തിനു വിള്ളൽ കണ്ടതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ ഇടപെട്ട് യാത്രക്കാരെ ഇതിനു പരിസരത്തു നിന്നും മാറ്റിയിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച അപായ റിബണും മറ്റും ഉപയോഗിച്ച് സ്ഥലം തിരിച്ചതാണ് ആളപായം ഒഴിവാക്കാൻ സഹായമായത്. വിള്ളലിനെ തുടർന്ന് ഈ കെട്ടിടത്തിന്റെ ഭാഗം പൊളിക്കാനും വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായുള്ള ബാരിക്കേഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ഫയർ ആൻഡ് റസ്ക്യൂ സർവീസ്, ആർപിഎഫ്, പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പി.എ മുഹമ്മദ് റിയാസ് എംഎൽഎ സ്ഥലത്തെത്തി. കാലപ്പഴക്കമുള്ള കെട്ടിടം പൊളിക്കാത്തത് റെയിൽവേ അധികാരികളുടെ ഭാഗത്തുളള അനാസ്ഥയാണെന്നും ഇത്തരത്തിൽ നവീകരണം നടക്കുന്ന സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.