കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് നഗരത്തിൽ എസ്.കെ ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഫ്തിയിൽ പട്രോളിങ് നടത്തി വരുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ടി.കെ രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബിൽഡിങിന് സമീപം റോഡരികിൽ വെച്ച് മൂന്നുപേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരിൽ കക്കോടി സ്വദേശി മുഹമ്മദ് ഹാഷിമിൻ്റെ (49) പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടിരുന്നു. തുടർന്ന് ജോലി തുടർന്ന് വരുന്നതിനിടെ റോഡിന് എതിർവശത്തു വെച്ച് ഹാഷിം സിപിഒമാരായ അനൂപിനും രഞ്ജിത്തിനും നേരെ ഓട്ടോ ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങി ഹാഷിമും സംഘവും പോലീസുകാരെ പിടിച്ചുവെച്ച് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഹാഷിമിനെ അറസ്റ്റു ചെയ്തു.