കാക്കൂർ: കാക്കൂർ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികൾ റാഗ് ചെയ്തതായി പരാതി. അഞ്ച് വിദ്യാർത്ഥികളാണ് റാഗിങിനെ തുടർന്ന് മർദ്ദനത്തിന് ഇരയായത്. ആക്രമണത്തിൽ രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് രക്ഷിതാക്കള്‍ കാക്കൂര്‍ പ പോലീസില്‍ പരാതി നൽകി. എന്നാൽ, സ്കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുള്ളുവെന്നാണ് പോലീസ് അറിയിച്ചത്.
രണ്ടു ദിവസങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്. അഞ്ച് വിദ്യാർത്ഥികളുടേയും ഷർട്ടിന്റെ ബട്ടൺ അഴിച്ചിടുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ആദ്യം സ്കൂളിൽ പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് കാക്കൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. സ്കൂൾ അധികൃതരുടെ കൂടി നിലപാട് അനുസരിച്ചാവും മറ്റു നടപടികൾ.