തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശ്ശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തസ്തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ ജൂലൈ 15 മുതൽ ശമ്പളം ലഭിക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നും നിർദ്ദേശമുണ്ട്. നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാനുള്ള നിബന്ധനകൾ കർശ്ശനമാക്കിയിരുന്നു. പല അപകടങ്ങളുമുണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് പോയത്.
എന്നാൽ, പൂർണമായും നടപ്പിലാക്കാൻ പറ്റാത്ത പശ്ചാത്തലത്തിലാണ് ജൂൺ 01ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് താൽക്കാലികമായി ഒരു പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഹാജരാക്കിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പോര, നിർബന്ധമായും ഫിറ്റ്നസ് സർഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം ചുരുങ്ങിയ ദിവസം കൊണ്ട് എങ്ങനെ ഫിറ്റ്നസ് സർഫിക്കറ്റ് സംഘടിപ്പിക്കുമെന്ന പ്രതിസന്ധി നിലവിലുണ്ട്.