ന്യൂഡൽഹി: വാട്സാപ്പിൽ ഫോൺ നമ്പറുകൾ മറച്ചുവെച്ച് 'യൂസർനെയിം' ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടീസിന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ രേഖാമൂലം മറുപടി നൽകി. ജൂലൈ 9 വ്യാഴാഴ്ച രാത്രി വൈകിയാണ് കമ്പനി മറുപടി സമർപ്പിച്ചത്. ഇത് നിലവിൽ മന്ത്രാലയം പരിശോധിച്ചു വരികയാണ്.
വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ നടപ്പിലാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 1-നാണ് കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. കോൺടാക്റ്റ് വിവരങ്ങളിൽ ഫോൺ നമ്പറുകൾക്ക് പകരം യൂസർ നെയിമുകൾ മാത്രം കാണിക്കുന്നത് ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് സ്കാമുകൾ, ആൾമാറാട്ടം നടത്തിക്കൊണ്ടുള്ള ആക്രമണങ്ങൾ എന്നിവ വർധിക്കാൻ കാരണമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാരുമായി ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ തൃപ്തികരമായി പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് വാട്സാപ്പ് സർക്കാരിന് ഉറപ്പു നൽകിയിട്ടുണ്ട്. ജൂലൈ 4-നകം മറുപടി നൽകാനായിരുന്നു സർക്കാരിന്റെ ആദ്യ നിർദ്ദേശം എങ്കിലും, വാട്സാപ്പ് ഇതിനായി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000), ഐടി ചട്ടങ്ങൾ (2021) എന്നിവ പ്രകാരം വാട്സാപ്പ് ഒരു "സിഗ്നിഫിക്കന്റ് സോഷ്യൽ മീഡിയ ഇന്റർമീഡിയറി" ആണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 50 ലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഇന്ത്യയിൽ ഏകദേശം 80 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിന് ഈ ചട്ടങ്ങൾ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
വാട്സാപ്പിന് പുറമെ, നിലവിൽ യൂസർനെയിം ഫീച്ചർ വഴി ഫോൺ നമ്പറുകൾ മറച്ചുവെക്കാൻ സൗകര്യമുള്ള ടെലിഗ്രാം, സിഗ്നൽ , അരട്ടൈ തുടങ്ങിയ മെസ്സേജിങ് ആപ്പുകൾക്കും ഐടി മന്ത്രാലയം സമാനമായ നോട്ടീസുകൾ അയച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസിന് മറുപടി നൽകാൻ അല്പം കൂടി സമയമുണ്ടെന്നും, ഇവരുടെ മറുപടികൾ കൂടി ലഭിച്ച ശേഷം ഈ വിഷയം കൂടുതൽ പരിശോധിക്കുമെന്നും ഐടി സെക്രട്ടറി എസ്. കൃഷ്ണൻ ജൂലൈ 9ന് അറിയിച്ചു.