Trending

വിവിധ നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് മറ്റ് അല്ലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ജൂലൈ 10 വരെ സമർപ്പിക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാ ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 8 വരെ ഒടുക്കാം. ജനറൽ, എസ്ഇബിസി, എന്നീ വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. പ്രോസ്പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് 2026-27 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂലൈ 25 വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ, എസ്ഇബിസി വിഭാഗത്തിന് 1000 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. ജൂലൈ 25 നകം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ അപേക്ഷാഫീസ് ഒടുക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി സമപ്പിക്കണം. 

അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് പ്ലസ്ടു പരീക്ഷ പാസായിരിക്കണം. കൂടാതെ റഗുലറായി പഠിച്ച ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്‌സ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ്/ബിഎസ്‌സി നഴ്‌സിംഗ് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകർ കേരള നഴ്‌സസ് & മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശനത്തിന് എത്തുമ്പോൾ ഹാജരാക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്. പ്രായപരിധി കണക്കാക്കുന്നത് കോഴ്‌സ് വിജ്ഞാപന തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും. എൽബിഎസ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന ഒരു പൊതുപ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 364.

Post a Comment

Previous Post Next Post