Trending

എട്ടു വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിക്ക് 42 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും.


പേരാമ്പ്ര: എട്ടു വയസ്സുകാരിയായ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കേന്ദ്രസർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാ കൃഷി ഫാമിലെ ജീവനക്കാരനും പെരുവണ്ണാമൂഴി സ്വദേശിയുമായ കല്ലിപ്പറമ്പിൽ ചന്ദ്രൻ (56) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ജഡ്ജി ദേവൻ കെ.മേനോനാണ് വിധി പ്രസ്താവിച്ചത്. 

2024 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന്റെ പിറ്റേന്ന് തന്നെ കുട്ടി സ്കൂൾ പ്രധാനാധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Post a Comment

Previous Post Next Post