ഓമശ്ശേരി: മുക്കത്ത് രണ്ടു കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ. ഓമശ്ശേരിക്ക് അടുത്ത് നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40) യെ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടിയിലെ വാടകവീട്ടിൽ നിന്ന് മുഹമ്മദ് ഹനീഫയെ 2.306 കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. അന്ന് ഹനീഫയ്‌ക്കൊപ്പം ബേപ്പൂർ സ്വദേശിനിയായ റൈഹാനത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് ഹനീഫ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നുവെന്നും, ശൃംഖലയിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഹനീഫയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഫാഷൻ ഡിസൈനറായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മേയ് 23ന് കസ്റ്റഡിയിൽ വാങ്ങിയ ഹനീഫയെ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. പത്ത് ദിവസങ്ങൾക്ക് ശേഷം കർണാടകയിലെ കൽബുർഗിയിൽ നിന്ന് ഇയാളെ വീണ്ടും പോലീസ് പിടികൂടി.
ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഹനീഫയ്ക്ക് ഖദീജ ഏകദേശം ഒന്നരലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. തുടർന്ന് ഖദീജയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. മുക്കം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.