കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മാനിപുരം ഒതയോത്ത് കിണറ്റ്യാരക്കണ്ടി സുർജിത് (48)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ചില്ലറ വിൽപ്പനക്ക് വീട്ടിൽ സൂക്ഷിച്ച വിദേശ മദ്യവുമായി ഇയാൾ പിടിയിലായത്. വിവിധ ബ്രാൻറുകളിൽപ്പെട്ട 1 L, 500 ml, 375 ml, 180 ml എന്നിങ്ങനെ 102 കുപ്പി വിദേശ മദ്യം പ്രതിയുടെ വീട്ടിൽ പോലീസ് കണ്ടെടുത്തു.
ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് മദ്യം നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയെ ഇന്നു തന്നെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കൊടുവള്ളി സിഐ ജയപ്രകാശ്, എസ്ഐ സജു സി.സി, എ എസ്ഐമാരായ സപ്നേഷ്, ശ്രീജേഷ്, ഷീജ, സീനിയർ സിപിഒമാരായ പ്രവീൺ, ശ്രീനിഷ് എന്നിവർ ചേർന്നായിരുന്നു പരിശോധന നടത്തിയത്.