താമരശ്ശേരി: താമരശ്ശേരി എക്സൈസ് റേഞ്ചും, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. തിരുവമ്പാടി മാട്ടുമ്മൽ വീട്ടിൽ സാക്കിറ എ.കെ (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്കിലുള്ള സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ പ്രതി അക്രമാസക്തയായതിനെ തുടർന്ന് വനിതാ സിവിൽ എക്സൈസ് ഓഫീസർക്ക് പരുക്കേറ്റു. നേരത്തെയും സമാനമായ ലഹരിക്കേസുകളിൽ പ്രതിയാണ് സാക്കിറ. 265 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ചതിന് കാളികാവ് എക്സൈസ് റേഞ്ച് ഓഫീസിലും, 3.06 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയതിന് കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിലും ഇവർക്കെതിരെ കേസുകളുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും മയക്കുമരുന്നുമായി പിടിയിലാകുന്നത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമത്തിലെ 22(c) വകുപ്പ് പ്രകാരം (CR No. 81/26) താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.
താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിൻ എം.ജെ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.ഇ.ഐ (ഗ്രേഡ്) ഉദ്യോഗസ്ഥരായ മനോജ് കുമാർ പി.സി, അജീബ് എസ്.ബി, പ്രിവന്റീവ് ഓഫീസർമാരായ അജീഷ് ടി.ബി, ബൈജു.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, അജിത്.പി, അമൽനാഥ് സി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മഹിത ബി.എസ്, അഷ്മില ഷെറിൻ, സി.ഇ.ഒ ഡ്രൈവർ ബവിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.