Trending

യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവ‍‍ർന്നു; നാലു സ്ത്രീകളടക്കം 6 പേർ പിടിയിൽ.


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ആറുപേ‍ർ പിടിയില്‍. കോഴിക്കോട് കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് നാല് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. നരിക്കുനി പാറന്നൂര്‍ സ്വദേശിനി വി.പി ക്വാര്‍ട്ടേഴ്‌സില്‍ റഹ്‌മത്ത് (41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് അനില്‍ കുമാര്‍ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43), വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് സൗദ (45), മുക്കം ചേന്ദമംഗല്ലൂർ സ്വദേശി സുബിരാജ് (46) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തില്‍ ക്ലീനിങ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന കുന്ദമംഗലം സ്വദേശി യുവതിയാണ് അതിക്രമത്തിന് ഇരയായത്. വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇവരെ പരിചയമുള്ള മോഷണ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതുവഴി വരികയും കുന്ദമംഗലത്തേക്ക് ആണെന്നും ഓട്ടോയില്‍ കയറിക്കോളാനും പറഞ്ഞു. എന്നാല്‍ ഓട്ടോയിൽ യാത്ര തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ പ്രതികള്‍ പരാതിക്കാരിയെ ആക്രമിക്കുകയും മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയുമായിരുന്നു. യുവതി ധരിച്ചിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിൻ, രണ്ടര പവന്‍ വരുന്ന പാദസ്വരം, ഒരു പവന്റെ ബ്രേസ്ലെറ്റ് എന്നിവ സംഘം പൊട്ടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ യുവതിയെ ചേവായൂരില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.

മുഖത്ത് മർദ്ദനമേറ്റതിനെ തുടർന്ന് യുവതിയുടെ മുന്‍വശത്തെ നാലു പല്ലുകള്‍ പറിഞ്ഞുപോയ നിലയിലാണ്. യുവതി നൽകിയ പരാതിയില്‍ കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മോഷണ സംഘത്തെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തന്നെയാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ പരാതിക്കാരിയെ നേരത്തെ പരിചയമുണ്ടെന്നും സ്ഥിരമായി ആഭരണം ധരിച്ചു വരുന്ന ഇവരെ കവര്‍ച്ച ചെയ്യാന്‍ ആസൂത്രണം ചെയ്തിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. മോഷണ മുതല്‍ കമ്മത്ത് ലൈനിലുള്ള ജ്വല്ലറിയിൽ വിറ്റ് പണം വാങ്ങിയെന്നും ഇവര്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post