ബാലുശ്ശേരി: പതിനാലു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉണ്ണികുളം ഇയ്യാട് സ്വദേശിക്ക് 20 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. ഇയ്യാട് പൂളികൂൽ വീട്ടിൽ അജയ് (31) യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി നൗഷാദലി.കെ ശിക്ഷിച്ചത്.
2022-ലാണ് കേസിന് ആസ്പദമായ സംഭവം. ബസ്സിലെ ജീവനക്കാരനായ പ്രതി ബസ് യാത്രക്കിടയിൽ പെൺകുട്ടിയെ പരിചയപ്പെടുകയും പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് പ്രതി പെൺകുട്ടിയെ പല തവണയായി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നത്.
മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരോട് കുട്ടി വിവരം പറയുകയായിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ എം.കെയാണ് അന്വേഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വ ജെതിൻ.പി ഹാജരായി.