കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളില്‍ രക്തത്തിൽ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകമാണെന്നും ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ തൂഫാനിന് റിപ്പോര്‍ട്ട് നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. മരണത്തില്‍ ദുരൂഹതയുള്ളതായി ബിജുവിന്റെ അമ്മ നേരത്തേ പറഞ്ഞിരുന്നു. പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവാണെന്നും ഇവരെയാണ് സംശയിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലിസ് അന്വേഷിച്ചുവരികയാണ്.
പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് ഇന്ന് രാവിലെ മരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താനെത്തിയ അമ്മയാണ് മൃതദ്ദേഹം ആദ്യം കണ്ടത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ മുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും ചോര വാര്‍ന്നിരുന്നു. കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ടായിരുന്നു.