പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന (31) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏലംകുളം സ്വദേശി അരുണി(34)നെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ഷഹനയുമായി അരുണ്‍ അടുപ്പത്തിലാവുകയും ഹിന്ദു മതത്തിലേക്ക് മാറണമെന്ന് ഇയാള്‍ ഷഹനയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അരുണിന്റെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇയാളുടെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുന്നതിനു തൊട്ടു മുന്‍പ് ഷഹനയെ അരുണ്‍ മര്‍ദ്ദിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുള്ള അരുണ്‍ മതംമാറി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
തിങ്കളാഴ്ച വൈകീട്ട് രണ്ടാം ക്ലാസില്‍ പഠിക്കുന്ന യുവതിയുടെ മകന്‍ ട്യൂഷന് പോയ സമയത്താണ് അരുണ്‍ ഷഹനയുടെ വീട്ടിലെത്തിയത്. ഇതിനു പിന്നാലെ വീട്ടില്‍ നിന്ന് വലിയ തോതില്‍ ബഹളം കേട്ട് ഒടിക്കൂടിയ നാട്ടുകാര്‍ കതകില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് അരുണ്‍ വാതില്‍ തുറന്നത്. ഈ സമയം കാലുകള്‍ നിലത്തുമുട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം. അരുണിന്റെ വസ്ത്രത്തിലും മുറിയുടെ തറയിലുമൊക്കെ രക്തം പറ്റിയിരുന്നു. ഷഹനയെ അരുണ്‍ കൊന്നതാണെന്ന് യുവതിയുടെ വീട്ടുകാരും നേരത്തെ ആരോപിച്ചിരുന്നു.