കൂരാച്ചുണ്ട്: വീടിൻ്റെ അലമാരയിൽ നിന്ന് മോഷ്ടിച്ച മൂന്നരപ്പവൻ സ്വർണം നാട്ടുകാരുടെ അന്വേഷണം ഭയന്ന് വീടിന് പിറകുവശത്തെ ചെടിച്ചട്ടിയിൽ തിരികെ വെച്ച് മോഷ്ടാവ്. കൂരാച്ചുണ്ട് ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ജൂലൈ 11ന് ആണ് രവിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി മോഷണം പോയത്. തുടർന്ന് വീട്ടുകാർ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. മോഷണം നടന്നതിന് പിന്നാലെ ശങ്കരവയൽ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതോടെ പിടിയിലാകുമെന്ന ഭയത്താലാകാം മോഷ്ടാവ് സ്വർണം മാത്രം വീടിന്റെ പിൻഭാഗത്തെ ചെടിച്ചട്ടിയിൽ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
മോഷണത്തിന് ശേഷം വീടിന് മുൻവശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവിനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് ചെടിച്ചട്ടിയിൽ സ്വർണ്ണമാല തിരികെ വെച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം കൂരാച്ചുണ്ട് പോലീസിൽ അറിയിച്ചു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും സ്വർണ്ണമായതിനാൽ വിരലടയാളം ലഭിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ് പോലീസ് വീട്ടമ്മയെക്കൊണ്ട് തന്നെ മാല ചെടിച്ചട്ടിയിൽ നിന്ന് എടുപ്പിക്കുകയായിരുന്നു.