ബാലുശ്ശേരി: കാൽനൂറ്റാണ്ട് മുൻപ് തുടക്കം കുറിച്ച ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം ഇനിയും കായിക പ്രേമികൾക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി വൈകുണ്ഠത്തിൽ നിർമ്മാണം ആരംഭിച്ച സ്റ്റേഡിയത്തിൽ ഗാലറി, പവിലിയൻ, ഇൻഡോർ സ്റ്റേഡിയം എന്നിവ ഇതിനകം നിർമ്മിച്ചിട്ടുണ്ട്.
മുൻമന്ത്രി എ.സി ഷൺമുഖദാസ് അനുവദിച്ച 25 ലക്ഷം രൂപ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ, ടി.എൻ സീമ അനുവദിച്ച 25 ലക്ഷം രൂപ, ഇതുകൂടാതെ ബാലുശ്ശേരി പഞ്ചായത്ത് പലതവണയായി അനുവദിച്ച തുകയും ഉപയോഗിച്ചാണ് പലഘട്ടങ്ങളിലായി സ്റ്റേഡിയത്തിൽ നിർമ്മാണപ്രവൃത്തികൾ നടന്നിരുന്നത്.
ആളുകൾക്ക് ഇരുന്ന് കളികൾ കാണാൻ സ്റ്റേഡിയത്തിന്റെ കിഴക്കുവശത്ത് കൂറ്റൻ ഗാലറി നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ചുവട്ടിലായി കായിക താരങ്ങൾക്കുള്ള വിശ്രമമുറി, താമസ സൗകര്യത്തിനുള്ള മുറികൾ, വസ്ത്രങ്ങൾ മാറാനുള്ള മുറികൾ എന്നിവയും നിർമ്മിച്ചിരുന്നു. ഈ മുറികളിൽ ഇന്ന് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റാണ് പ്രവർത്തിക്കുന്നത്.
സ്റ്റേഡിയത്തിലെ പവിലിയൻ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ സൂക്ഷിക്കാനുള്ള കേന്ദ്രവുമായി മാറിക്കഴിഞ്ഞു. സ്റ്റേഡിയമാകെ ചെളിക്കുണ്ടായി. കെ.എം സച്ചിൻദേവ് എംഎൽഎ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിൽ മണ്ണ് നിരത്തുകയും അതിർത്തിയിൽ കരിങ്കല്ലിൽ ചെറിയ മതിലുകെട്ടി തിരിക്കുകയുണ്ടായി. എങ്കിലും സ്റ്റേഡിയം കായികാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൽ ഇനിയും എത്രകാലം കാത്തിരിക്കണമെന്നാണ് കായിക പ്രേമികളുടെ ചോദ്യം.