കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം സ്ഥലം വിട്ടത്.
കുഞ്ഞിനെയുമായി ഈ സ്ത്രീ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടനെ വനിതാ പൊലീസ് കുഞ്ഞിനെ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കു ശേഷം കുഞ്ഞിനെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുവന്നു.
കുഞ്ഞിന്റെ അമ്മ മെഡിക്കൽ കോളേജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ വിളിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എത്രയും വേഗം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.