Trending

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം; കേരളത്തിലും വരുമോ? 'വെർച്വൽ ഓട്ടോപ്സി'.


തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ വിയോഗം തളർത്തിയ മനസ്സുമായി നിൽക്കുന്ന ബന്ധുക്കൾക്ക് ഏറ്റവും വലിയ മാനസികാഘാതമാകാറുള്ളത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കീറിമുറിക്കേണ്ടി വരുന്നതിലാണ്. എന്നാൽ, മൃതദേഹത്തിൽ ഒട്ടും ക്ഷതമേൽക്കാതെ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് വെർച്വൽ ഓട്ടോപ്സി അഥവാ വിർട്ടോപ്സി.

തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലെ ഫോറന്‍സിക് വിഭാഗമാണ് പദ്ധതിരേഖ കഴിഞ്ഞ സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. രാജ്യത്തെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളായ ഡൽഹി എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഈ സംവിധാനമിപ്പോൾ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.

എയിംസ് ​ന്യൂഡൽഹി, ഷില്ലോങ്, ഋഷികേശ് തുടങ്ങിയ ഇടങ്ങളിൽ നിലവിലുള്ള വെർച്വൽ ഓട്ടോപ്‌സി സംവിധാനം സംസ്ഥാനത്തെ ഒരു ആശുപത്രിയിൽ സജ്ജമാക്കുന്നതിന് 15 മുതൽ 20 കോടി രൂപ വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സി.ടി, എംആർഐ. സ്‌കാനറുകൾ, വിവിധ സോഫ്റ്റ്‌വെയറുകൾ, വർക്ക് സ്റ്റേഷനുകൾ ഉൾപ്പെടെ പ്രത്യേകമായി സജ്ജമാക്കേണ്ടി വരും. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും വേണം. പ്രവർത്തനസജ്ജമായി വരാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും എടുക്കുമെന്നും ഡോക്ടർമാർ പറയുന്നു.

എന്താണ് വെർച്വൽ ഓട്ടോപ്സി?
പരമ്പരാഗതമായി ചെയ്യുന്നത് മൃതദേഹം കീറിമുറിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്ന രീതിയാണ്. എന്നാലിത് അത്യാധുനിക സ്കാനിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണ്. മൃതദേഹം പൂർണ്ണമായി സി.ടി, എംആർഐ സ്കാനിങ്ങിന് വിധേയമാക്കുന്നു. സോഫ്റ്റ്‌വെയറിൻ്റെ സഹായത്തോടെ മൃതശരീരത്തിന്റെ ഉൾഭാഗം, അസ്ഥികൾ, പേശികൾ, ആന്തരിക അവയവങ്ങൾ തുടങ്ങിയവ കൃത്യമായി കമ്പ്യൂട്ടർ സ്ക്രീനിൽ കാണാൻ കഴിയും. ഫോറൻസിക് വിദഗ്ധർ ഈ ഡിജിറ്റൽ ദൃശ്യങ്ങൾ പരിശോധിച്ച് മരണകാരണം വിലയിരുത്തുന്നു.

സാധാരണ പോസ്റ്റ്മോർട്ടത്തിന് മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ വെർച്വൽ ഓട്ടോപ്സി വെറും 10-30 മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. ഇതുവഴി മൃതദേഹം വിട്ടുകിട്ടാനുള്ള വൈകൽ ഒഴിവാക്കാം. കണ്ണിനാൽ കാണാൻ കഴിയാത്ത ചെറിയ അസ്ഥിഭംഗങ്ങൾ, ശരീരത്തിനുള്ളിലെ വായുസാന്നിധ്യം, ഒളിച്ചിരിക്കുന്ന വെടിയുണ്ടകൾ, മറ്റു വസ്തുക്കൾ എന്നിവ സ്കാനിങ്ങിലൂടെ വളരെ കൃത്യമായി കണ്ടെത്താനാകും.

വെർച്വൽ ഓട്ടോപ്സിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ എക്കാലത്തേക്കുമായി ഇതിൻ്റെ ദൃശ്യങ്ങൾ സൂക്ഷിച്ചു വെക്കാം എന്നതാണ്. ഭാവിയിൽ കേസ് പുനരന്വേഷിക്കുകയോ കോടതിയിൽ പുനഃപരിശോധന ആവശ്യമായി വന്നാലോ, മൃതദേഹം കല്ലറയിൽ നിന്ന് എടുത്ത് വീണ്ടും പരിശോധിക്കേണ്ടതില്ല. പകരം സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്കാൻ റിപ്പോർട്ടുകൾ വീണ്ടും പരിശോധിച്ചാൽ മതിയാകും.

വിഷബാധ പോലുള്ള ചില പ്രത്യേക കേസുകളിൽ ആന്തരിക ദ്രാവകങ്ങളുടെ രാസപരിശോധന ആവശ്യമായി വരുമ്പോൾ മാത്രം, ചെറു സൂചികൾ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ വ്യാപകമായ ഈ അത്യാധുനിക ഫോറൻസിക് രീതി ഇന്ത്യയിലും കൂടുതൽ മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ, പോസ്റ്റ്മോർട്ടം നടപടികളിലൂടെ കടന്നുപോകേണ്ടി വരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മാനസിക സങ്കടങ്ങൾക്ക് വലിയ ആശ്വാസമാകും.

Post a Comment

Previous Post Next Post