കൊടുവള്ളി: കൊടുവള്ളിയിലെ അതിരുകടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്നുപേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിന് സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ വി. അർഷാദ്, കൊടുവള്ളി വടക്കെപുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത തടസ്സപ്പെടുത്തിയായിരുന്നു ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം. കൊടുവള്ളി ബസ്സ് സ്റ്റാന്റിന് സമീപം തിരക്കേറിയ റോഡിനു നടുവിൽ പടക്കം പൊട്ടിച്ചും വാഹനങ്ങൾ നിർത്തിച്ചും അപകടാവസ്ഥ സൃഷ്ടിക്കുന്നതുമായിരുന്നു യുവാക്കളുടെ പ്രവർത്തി. ഏറെ സമയം ഗതാഗത തടസ്സം നേരിട്ടതോടെ അതുവഴി വന്ന യാത്രക്കാർ പ്രതിഷേധവുമായി എത്തിയത് തർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കി.
യുവാക്കൾക്കെതിരെ ബിഎൻഎസ് 285, 288 വകുപ്പുകൾ പ്രകാരമാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പോലീസ് നടപടി. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി എടുക്കാത്തതിനെതിരെ എറെ വിമർശനം ഉയർന്നിരുന്നു. ദേശീയപാതയിൽ അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനെതിരെ നാട്ടുകാർക്കിടയിലും പ്രതിഷേധം ഉയർന്നതോടെയാണ് പോലീസ് നടപടി.