കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടുപേർ അറസ്റ്റിൽ. കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയൽ ലക്ഷംവീട് ഉന്നതിയിൽ സജീർ (26) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. അർഷാദ് ഹുസ്സൈനെ പൂനൂരിൽ നിന്നും, സജീറിനെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസുകാരനെ മുൻപരിചയമുള്ള പ്രതിയും സുഹൃത്തും ചേർന്ന് ബലമായി സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ കട മുറിയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. കൂടാതെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ചു. സംഭവത്തിൽ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും അറസ്റ്റിലായത്.
അതേസമയം, പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു. സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ട്. അർഷാദ് ഹുസ്സൈനിന് നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഒറീസ്സയിൽ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്റെ പിടിയിലായതിന് രണ്ടു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി പി.ജെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സിപിഒമാരായ ദീപു, ഷിജിത്ത്, സന്ദീപ്, സിപിഒമാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.