ബാലുശ്ശേരി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന നിർദ്ദിഷ്ട അതിവേഗ റെയിൽ പാതയുടെ (കെ.എച്ച്.എസ്.ആർ) ഇടക്കാല റിപ്പോർട്ട് ഡി.എം.ആർ.സി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചു. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ പാത, കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രമുഖ നഗരങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഈ പാതയിൽ ബാലുശ്ശേരിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലബാറിന്റെ വികസന ഭൂപടത്തിൽ ബാലുശ്ശേരിയെ അടയാളപ്പെടുത്തുന്ന വലിയൊരു നാഴികക്കല്ലാകും ഈ അതിവേഗ റെയിൽ പദ്ധതി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രാസമയം മൂന്നു മണിക്കൂറായി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആകെ 23 സ്റ്റേഷനുകളുള്ള ഈ പാതയിൽ, തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ തുരങ്കപാത ഒഴികെ ബാക്കി മുഴുവൻ ഭാഗവും ആകാശപാതയായിട്ടായിരിക്കും നിർമ്മിക്കുക. ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങൾ അതിവേഗ റെയിലിനായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഗേജ് സംവിധാനമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണത്തിനായി ആകെ 60,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ 36,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 എന്ന അനുപാതത്തിൽ നിക്ഷേപിക്കുമ്പോൾ, ബാക്കി 24,000 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനാണ് തീരുമാനം. സർക്കാർ അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത ഇടനാഴിയായിരിക്കും ഇത്.
ഈ പാതയിൽ ഉൾപ്പെടുന്ന പ്രധാന സ്റ്റേഷനുകൾ: തിരുവനന്തപുരം സിറ്റി (പൂജപ്പുര), തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയർപോർട്ട്, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് എയർപോർട്ട്, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ്, കണ്ണൂർ (മുണ്ടയാട്) തുടങ്ങിയവയാണ്.
യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്ന രീതിയിലായിരിക്കും പ്രവർത്തനം. തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 40 മിനിറ്റ് ഇടവിട്ടും സർവീസുകൾ നടത്താനാണ് പ്രാഥമിക തീരുമാനം. ഭാവിയിൽ ഇത് യഥാക്രമം അഞ്ചും പത്തും മിനിറ്റായി കുറയ്ക്കാനും പദ്ധതിയുണ്ട്. രണ്ടാം ഘട്ടത്തിൽ കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പാത നീട്ടാനും, തുടർന്ന് കോഴിക്കോട് - കൽപറ്റ, പട്ടാമ്പി - പാലക്കാട്, തൃശൂർ - പാലക്കാട് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ ഭൂമി മാത്രം ഏറ്റെടുത്തുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി, കേരളത്തിന്റെ സമഗ്രമായ വികസനത്തിന് പുതിയ ദിശാബോധം നൽകും.