Trending

മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം: മുക്കത്ത് അടക്കം വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്.

കോഴിക്കോട്: മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കോഴിക്കോട് മുക്കം എരഞ്ഞിമാവ് സ്വദേശിയായ ഹാരിസിന്റെ വസതിയിലും ഇയാൾ ഉടമസ്ഥനായ ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും എൻഐഎ സംഘം റെയ്ഡ് നടത്തിയത്.

ഈ വർഷം ഫെബ്രുവരി ആദ്യവാരത്തിൽ മലപ്പുറം ചെമ്മാട് വെച്ചായിരുന്നു പുല്ല് കടത്തുന്ന വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നത്. ഈ സംഭവത്തിൽ തിരൂരങ്ങാടി പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളത്. ഈ കേസ് എൻഐഎ ഏറ്റെടുത്തതിനെ തുടർന്നാണ് ഇപ്പോൾ വ്യാപകമായ പരിശോധനകൾ നടക്കുന്നത്. നിലവിൽ ഏഴു പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയായ ഹാരിസിനെ കൂടാതെ മറ്റു പ്രതികളുടെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയമായിരുന്നു റെയ്ഡ്. രണ്ടാം പ്രതി ഷെരീഫ് (മുക്കം), മൂന്നാം പ്രതി മുഹമ്മദ് സലീം (ഹോസ്‌ദുർഗ്, കാസർഗോഡ്), നാലാം പ്രതി അനിൽ കുമാർ (ചെറുപുഴ, കണ്ണൂർ), അഞ്ചാം പ്രതി നിസാർ (കോഴിക്കോട്), ആറാം പ്രതി ഇർഷാദ് (മുക്കം), ഏഴാം പ്രതി കർണറുദ്ദീൻ (ചെമ്മാട്) എന്നിവരുടെ കേന്ദ്രങ്ങളിലാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി എൻഐഎയുടെ പരിശോധന.

Post a Comment

Previous Post Next Post