കട്ടിപ്പാറ: കട്ടിപ്പാറയിൽ അടച്ചിട്ട വീട്ടിൽ മോഷണം. കൊച്ചുവീട്ടിൽ തോമസിന്റെ അടച്ചിട്ട വീട്ടിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്. തോമസും ഭാര്യയും ഒരു മാസം മുമ്പാണ് യുകെയിലുള്ള മക്കളുടെ അടുത്തേക്ക് പോയത്. കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് തോമസ് ബന്ധുവായ ഷിബുവിനോട് വീട്ടിൽപോയി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം ഷിബു വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ സിസിടിവി ക്യാമറകൾ തകർത്ത നിലയിലും വാതിലുകളുടെ ലോക്കുകൾ പൊളിച്ച നിലയിലും കണ്ടെത്തിയത്. സ്വർണവും, പണവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം, എന്നാൽ മറ്റെന്തെല്ലാം നഷ്ടപ്പെട്ടുവെന്നത് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാരകളുടെ പൂട്ടുകൾ തകർത്ത മോഷ്ടാവ് മുറിക്കുള്ളിൽ സാധനങ്ങൾ വാരി വലിച്ചിട്ടിട്ടുണ്ട്. മോഷണത്തിന്റെ തെളിവുകൾ നശിപ്പിക്കാനായി സിസിടിവി ക്യാമറകൾ തകർത്തെങ്കിലും, റെക്കോർഡിംഗ് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഹാർഡ് ഡിസ്ക് പരിശോധിച്ച പോലീസിന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.