കോഴിക്കോട്: മഴക്കാലത്ത് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും ഉണ്ടാകുന്ന പകർച്ചവ്യാധികൾ തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് 28ന് ആരംഭിച്ച 'ക്ലീൻ കേരള' കാമ്പെയിൻ ഊർജ്ജിതം. 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 167 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 55 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മഴക്കാലത്ത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ, ഹോട്ടലുകൾ എന്നിവയിലൂടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് 'ക്ലീൻ കേരള' എന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.
13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞ് രാവിലെയും വെെകിട്ടുമാണ് പരിശോധന. നിരവധി പേരെത്തുന്ന ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ പ്രത്യേക പരിശോധനയാണ് നടക്കുന്നത്. സിപ്പപ്പ്, ഐസ്ക്രീം, ജ്യൂസുകൾ തുടങ്ങിയവ വിൽക്കുന്ന ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, തെരുവ് കച്ചവട സ്ഥാപനങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ, കൂൾബാർ, ശീതള പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ജൂൺ 3ന് പരിശോധന അവസാനിക്കും. പഴകിയ ഭക്ഷണം, അഴുകിയ പഴങ്ങൾ, വൃത്തിഹീനമായ ഐസ് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. കുറ്റക്കാർക്കെതിരെ കർശ്ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മിഷണർ, ബിബി മാത്യു പറഞ്ഞു.
കടയുമകൾ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തണം.
• ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണം.
• എല്ലാ ഭക്ഷണ വ്യാപാരികളും ലെെൻസ്/ രജിസ്ട്രേഷനെടുക്കണം.
• പാനീയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം.
• ഭക്ഷണവസ്തുക്കൾ സ്റ്റോർ റൂമിൽ കരുതണം.
• സ്ഥാപനത്തിൽ എലി മറ്റ് ക്ഷുദ്രജീവികൾ കടക്കരുത്.
• സ്ഥാപനത്തിൽ കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം. ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം നൽകണം.
• മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കാൻ നൽകരുത്.
• പാഴ്‌സലുകളിൽ കൃത്യമായി തിയതിയും സമയവും രേഖപ്പെടുത്തണം.