നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്റെ നിരന്തര മർദ്ദനമാണ് മരണകാരണം. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അഖിലയെയും അഷ്കറിനെയും ഇന്ന് രാവിലെ 11 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്നു പറഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞ് കുഞ്ഞ് മരിച്ചു. പരിശോധനയിൽ തലയ്‌ക്കുപിന്നിൽ ശക്തമായി ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ചു കരഞ്ഞ കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ അടിച്ചു. അടിയേറ്റ് വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തി. കുഞ്ഞ് ഛർദിക്കുന്നതിന്റെ ശബ്ദംകേട്ടെത്തിയ പരിസരവാസികളോട് ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ പറഞ്ഞത്. ഇവരാണ് ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്.
വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരുവർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തു. പിന്നീടാണ് അഷ്കറെ കൂടെക്കൂട്ടിയത്. മിക്കപ്പോഴും കുഞ്ഞിനെ അഷ്‌കർ ഉപദ്രവിക്കാറുണ്ടായിരുന്നു. നർത്തകിയായ അഖില ആഴ്‌ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും അഷ്കറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം ഉരുണ്ടു വീണും തീയിൽ കളിച്ചുമൊക്കെ സംഭവിച്ചതാണെന്നാണ് അഷ്കർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കൾ ദുരൂഹതയാരോപിച്ച് പോലീസിനെ സമീപിച്ചിരുന്നു. നെടുമങ്ങാട് പോലീസ് അഷ്കറിനെയും അഖിലയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുഞ്ഞിനെ ഉയരത്തിൽ നിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ സമ്മതിച്ചു. അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചതെല്ലാം അഖിലയുടെ അറിവോടെ ആയിരുന്നെന്ന് പിതാവിന്റെ ബന്ധുക്കൾ പോലീസിൽ മൊഴിനൽകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.