Trending

ബാലുശ്ശേരിയിൽ മഴക്കാലത്ത് റോഡ് നവീകരണം; പ്രദേശവാസികൾ ദുരിതത്തിൽ.


ബാലുശ്ശേരി: ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ നിന്ന് സംസ്ഥാനപാതയിലെ അറപ്പീടിക ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡായ മഞ്ഞപ്പാലം-തയ്യിൽപ്പീടിക റോഡിന്റെ നവീകരണ പ്രവൃത്തി മഴക്കാലത്ത് ആരംഭിച്ചത് നാട്ടുകാർക്ക് വിനയാകുന്നു. റോഡരികിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. മഴ ശക്തമായതോടെ റോഡ് ആകെ ചളിക്കുണ്ടായി മാറിയിട്ടുണ്ട്. റോഡ് പ്രവൃത്തിയോടൊപ്പം തന്നെ ജലജീവൻ മിഷന്റെ പൈപ്പിടൽ പ്രവൃത്തിയും നടക്കുന്നതിനാൽ നടന്നു പോകാൻ പോലും പ്രദേശവാസികൾ പെടാപ്പാടുപെടുകയാണ്.

വേനൽക്കാലത്ത് തന്നെ ടാർ പൊളിച്ചുനീക്കിയ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമായിരുന്നു. റോഡുപണി പെട്ടെന്ന് നടക്കും എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടക്കുന്നത്. റോഡ് നവീകരണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചിട്ട് ഏറെയായെങ്കിലും നിർമ്മാണ പ്രവൃത്തി ഇഴയുകയായിരുന്നു. മഴ തുടങ്ങിയതോടെയാണ് റോഡിന്റെ നവീകരണ പ്രവൃത്തി തകൃതിയായി നടക്കാൻ തുടങ്ങിയത്. ഇതാണ് പ്രദേശവാസികൾക്ക് ദുരിതമായത്.

മഴക്കാലത്ത് പുഴയിലെ വെള്ളം ഈ റോഡിലൂടെ പരന്നൊഴുകാറുണ്ട്. കഴിഞ്ഞ മഴക്കാലങ്ങളിൽ റോഡ് വെള്ളത്തിൽ മുങ്ങിയ അവസ്ഥയുണ്ടായിരുന്നു. മഞ്ഞപ്പുഴയോരത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത് മഞ്ഞപ്പാലം മുതൽ തയ്യിൽപ്പീടികവരെയുള്ള ഭാഗത്താണ് നിർമ്മാണ പ്രവൃത്തി ഇപ്പോൾ നടക്കുന്നത് പ്രദേശവാസികളുടെ യാത്രാദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങളെ ഈ റോഡിലൂടെയായിരുന്നു തിരിച്ചുവിടാറുണ്ടായിരുന്നത്. ഇനി അതിനും സാധ്യമല്ലാത്ത അവസ്ഥയിലാണ്.

Post a Comment

Previous Post Next Post