കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. മദ്യലഹരിയില്‍ അച്ഛൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടൂർ വയല്‍ക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്.
2025 ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. മദ്യലഹരിക്കടിമയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയില്‍ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്രൂരമായി മർദ്ദനമേറ്റ കുഞ്ഞിനെ അമ്മ അഞ്ജന ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന് ജീവൻ നഷ്ടമാവുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായി ക്ഷതമേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
തുടർന്ന് പൊലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഷിജിൻ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അഞ്ജന സമ്മതിച്ചത്. കൊലപാതകം മറച്ചുവച്ചതിനാണ് അഞ്ജനയെ അറസ്റ്റു ചെയ്തത്. ഷിജിൻ കുഞ്ഞിനെ മുൻപും മർദ്ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.