ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾ പരാജയപ്പെടുകയാണെങ്കിൽ ഇനി മുതൽ നഷ്ടപരിഹാരം ലഭിക്കും. യുപിഐ ഇടപാട് പരാജയപ്പെട്ടാൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ എടുക്കുന്ന ഓരോ ദിവസത്തിനും 100 രൂപ നഷ്ടപരിഹാരമായി ലഭിക്കും. രണ്ടു വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാട് നടത്തുമ്പോള്‍ അയക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആവുകയും സ്വീകരിക്കുന്നയാള്‍ക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നഷ്ടപരിഹാരം ലഭിക്കുക.
വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപാടിലും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും. ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് നഷ്ടപരിഹാരം കിട്ടുക. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാട് പരാജയപ്പെട്ടാല്‍ നഷ്ടമായ തുക ഒരു ദിവസത്തിനുള്ളിൽ തിരിച്ചു നല്‍കണം. മെര്‍ച്ചന്റ് ഇടപാടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുക കൊടുക്കണം. ബാങ്കിന്റെ അവധി ദിവസങ്ങള്‍ ഈ സമയപരിധിയില്‍ വരില്ല.
യുപിഐ ഇടപാട് പരാജയപ്പെട്ടാല്‍.
യുപിഐ ഇടപാട് പരാജയപ്പെട്ടാല്‍ വീണ്ടും ഇടപാടിന് ശ്രമിക്കരുത്. ആദ്യം യുപിഐ ഇടപാട് ഹിസ്റ്ററി നോക്കുക. Payment Successful, Pending അല്ലെങ്കില്‍ Failed എന്നീ സന്ദേശങ്ങളാണ് യുപിഐ ആപ്പില്‍ തെളിയുന്നതെങ്കില്‍ ഉടന്‍ മറ്റൊരു ഇടപാടിന് ശ്രമിക്കരുത്.
യുപിഐ ട്രാന്സാക്ഷന് ഐഡി, തിയതി, സമയം തുടങ്ങിയ വിവരങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് വെക്കുക. യുപിഐ ആപ്പിലൂടെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമുണ്ട്. അതുവഴി പരാതി നല്‍കുക. പരാതി നൽകിയതിന് ശേഷം ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സേവ് ചെയ്യാന്‍ മറക്കരുത്.
യുപിഐ ആപ്പിന് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ പണമയച്ചയാളുടെ ബാങ്കിനെ സമീപിക്കാം. ആര്‍ബിഐ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നഷ്ടപ്പെട്ട പണം തിരികെ നല്കാന് ബാങ്കിനായില്ലെങ്കിൽ പ്രതിദിനം 100 രൂപ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം. പരാതി പരിഹരിക്കുന്നതില്‍ ബാങ്ക് അലംഭാവം കാണിക്കുകയാണെങ്കില്‍ ആര്‍ബിഐയേയും സമീപിക്കാം.