ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ജല്ലറി ആഭരണ ബോക്സ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിച്ച് വൻ നാശനഷ്ടം. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല. തുടർന്ന് നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനത്തിന് അകത്തുള്ള സാധന-സാമഗ്രികൾ പൂർണമായും കത്തിനശിച്ചു. സ്ഥാപന ഉടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.