താമരശ്ശേരി: താമരശ്ശേരിയിൽ എംഡിഎംഎ വിൽപ്പനക്കിടെ രണ്ട് യുവാക്കൾ പിടിയിൽ. പൂനൂർ സ്വദേശികളായ കാന്തപുരം കാരമ്മൽ വീട്ടിൽ ഷെറീജ് (33), തച്ചംപൊയിൽ ചൊടലക്കണ്ടി ഷഹബാസ് (32) എന്നിവരെയാണ് താമരശ്ശേരി എസ്ഐയും ഡാൻസാഫ് സംഘവും പിടികൂടിയത്.
താമരശ്ശേരി ടൗണിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 12 ഓടെയാണ് ഇരുവരും പിടിയിലായത്. KL 57 AC 6766 നമ്പർ കാർ സഹിതം ഒരു ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. കാറിൻ്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
കോഴിക്കോട് ജില്ലയിലെ മൊത്തവിതരണക്കാരിൽ നിന്ന് വാങ്ങി വിൽപ്പന നടത്തുന്നവരാണ് പ്രതികൾ. താമരശ്ശേരി എസ്ഐമാരായ ജി. സുമിൻ, അമൽ ചന്ദ്രൻ, കെ.ഇ റീതു, എഎസ്ഐ സനിൽകുമാർ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.