ന്യൂഡല്‍ഹി: മലയാളി ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ഐടിയില്‍ താമസക്കാരനായ കൊടുവള്ളി ചേനോത്ത് നാരകശ്ശേരി എന്‍.സി അസ്‌ലമും, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫര്‍സാനയുമാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര്‍ 68-ലെ മറീന അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ ബെംഗളുരുവിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ഡല്‍ഹി സദര്‍ ബസാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.