കോഴിക്കോട്: ട്രോളിംഗ് തുടങ്ങും മുമ്പേ കുതിച്ചുയരുന്ന് മത്സ്യവില. ഹാർബറുകളിൽ ഒരാഴ്ച മുമ്പ് വരെ കിലോ 150 രൂപയ്ക്ക് വിറ്റിരുന്ന മത്തിക്കിപ്പോൾ 200 മുതൽ 300 വരെ നൽകണം. ചില്ലറ വിൽപ്പന മാർക്കറ്റുകളിൽ എത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും.
നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചിട്ടുണ്ട്. അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 350 വരെയാണ്. ചെമ്മീന് 350 മുതൽ 500 രൂപ വരെ മാർക്കറ്റ് വിലയുണ്ട്. പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള ആവോലി, പഴന്തി, കേദർ തുടങ്ങി വലിയ മീനുകളൊക്കെ ഇപ്പോൾ കിട്ടാക്കനിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിന് അനുസരിച്ച് വിലയിലും മാറ്റം വരും. മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇവയ്ക്കും തീവിലയാണ്.
മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നും മറ്റും ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി ബേപ്പൂർ, പുതിയാപ്പ തുടങ്ങിയ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യമാണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപ്പനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വിലകൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.