കോഴിക്കോട്: അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാല്‍വിരല്‍ കൈവിരലായി വെച്ചുപിടിപ്പിച്ചു. ഇഖ്റ ആശുപത്രിയിലെ പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ് ആൻഡ് മൈക്രോ സര്‍ജറി വിഭാഗത്തിലാണ് സെക്കൻ്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറി നടന്നത്. ആറുമാസം മുൻപുണ്ടായ അപകടത്തിലാണ് 37കാരൻ്റെ ഇടത് കൈവിരല്‍ കൈപ്പത്തി മുതലുള്ള ഭാഗം പൂർണമായും വേര്‍പ്പെട്ടത്. വിരല്‍ നഷ്ടമായതോടെ കൈയ്യുടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റിയിരുന്നു. ഘട്ടംഘട്ടമായുള്ള ചികിത്സയാണ് യുവാവിന് നല്‍കിയത്.
ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ലാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് ജൂൺ 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. ഈ ശസ്ത്രക്രിയയില്‍ കയ്യിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ അത്യാധുനിക മൈക്രോ സര്‍ജിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനസംയോജിപ്പിക്കുകയും ചെയ്തു. ഡോ. രഘുറാം മേനോന്‍, ഡോ. വിഘ്‌നേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയ്യുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.