കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസും ഡാൻസാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് യുവാവും യുവതിയും കടന്നുകളഞ്ഞു. ഇവർ ഉപേക്ഷിച്ചുപോയ കാറിൽനിന്ന് പിന്നീട് 6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന്റെ തുടർച്ചയായി പ്രതികൾ താമസിച്ച വാടക മുറികൾ പോലീസ് സംഘം പരിശോധന നടത്തി. മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85,100 രൂപയും അവിടെ നിന്നും കണ്ടെടുത്തു. കുറച്ചു നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
നന്മണ്ട സ്വദേശി അനന്ദു(ടോബി)യും, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തനയുമാണ് രക്ഷപ്പെട്ടത്. മുമ്പ് മയക്കുമരുന്ന് കേസിലും, വാഹനമിടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു അനന്ദു. കോഴിക്കോട് നഗരത്തിൽ മുറികൾ വാടകയ്ക്കെടുത്ത് യുവതീയുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് കീർത്തയുടെ പ്രധാന ജോലി.