മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ എട്ടരയോടെ കൊണ്ടോട്ടി- പുളിക്കൽ റോഡിൽ വലിയപറമ്പിലാണ് സംഭവം. ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുത്ത് വീട്ടുകാരെ ഏൽപ്പിച്ചു മടങ്ങുകയുമായിരുന്നു.
നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്. റോഡിന് തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വാഹനങ്ങൾ ചീറിപ്പായുന്ന നടുറോഡിൽ എത്തിയത്. രക്ഷിതാവ് പുറത്തിരുന്ന് പത്രം വായിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു. ബസ്സിന്റെ സിസിടിവിയിൽ പതിഞ്ഞ കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. നടുറോഡിൽ കുഞ്ഞിനെ കണ്ട് ബസ് യാത്രികർ പരിഭ്രാന്തരാകുന്നതും തുടർന്ന് നെടുവീർപ്പിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.