കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കല് കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ജോലിക്ക് പോകാനായി ധൃതിയില് വീട്ടില് നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ജോലിക്ക് പോകേണ്ട ധൃതിയില് ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില് പാമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഉടന് തന്നെ കാലില് നിന്ന് ഷൂ ഊരിമാറ്റിയെങ്കിലും അതിന് മുന്പ് തന്നെ പാമ്പിൻ്റെ കടിയേറ്റിരുന്നു. തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കല് കോളജില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ഗുരുതരമായ സാഹചര്യമില്ലെന്നും ആശങ്കപ്പെടാന് ഒന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതര് പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. യുവതിയെ കടിച്ചത് മൂര്ഖന് പാമ്പാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു.