കൊയിലാണ്ടി: കൊയിലാണ്ടി സംസ്ഥാന പാതയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോയിലും വൈദ്യുത തൂണിലും ഇടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരായ ഉള്ളിയേരി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ കുറുവങ്ങാട് മാവിൻചുവടിലായിരുന്നു അപകടം.
ഉള്ളിയേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മാവിൻചുവടിലെ 'പുതുക്കുടി സ്റ്റോർ' എന്ന വ്യാപാര സ്ഥാപനത്തിന് മുൻപിൽ സാധനങ്ങൾ ഇറക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗുഡ്‌സ് ഓട്ടോ. ഇവിടെ നിന്നും സാധനങ്ങൾ ഇറക്കി തിരികെ പോകാൻ ഒരുങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചത്. ശക്തമായ ഇടിയിൽ മുന്നോട്ട് നീങ്ങിയ കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ വൈദ്യുത തൂണിനും സമീപത്തെ കടയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് കുറച്ചുസമയം പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി.