Trending

വയനാട് മുത്തങ്ങയിൽ അഞ്ചരക്കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയിൽ.


ബത്തേരി: വയനാട് മുത്തങ്ങയിൽ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. 5.500 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റിൽ വെച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്.

കർണാടക ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്ന ഷെഫീഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ സഹായിക്കാനും ചെക്ക് പോസ്റ്റിലെ പരിശോധനാ വിവരങ്ങൾ കൈമാറാനുമായി ബൈക്കിലെത്തിയ മറ്റൊരാൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സുൽത്താൻ ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. എസ്ഐ പി. ജയപ്രകാശ്, എഎസ്ഐ ജയകുമാർ, സിപിഒമാരായ മാർഷൽ, സംഗീത എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post