Trending

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ.


തൃശ്ശൂര്‍: തൃശ്ശൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഘം പോലീസിന്റെ പിടിയിലായത്.

പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. തൃശ്ശൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ന് രാവിലെ വാണിയംപാറയിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിന്നാലെ പണ്ടാരക്കാട് ഷിഫാസ് വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നും 18 ഗ്രാം എംഡിഎംഎ കൂടി പോലീസ് കണ്ടെടുത്തു. പോലീസ് എത്തുന്നതിന് തൊട്ടു മുൻപ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് ഈ വീട്ടിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ മാറ്റിയതായും പോലീസിന് വിവരം ലഭിച്ചു.

പിന്നാലെ ചാവക്കാട് പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിലാണ് 300 ഗ്രാം എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ ഇങ്ങോട്ട് മാറ്റിയ സുമേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കോൾ റെക്കോർഡും ചാറ്റുകളും കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലൂടെ ലഹരി മരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ കൂടുതൽ ആളുകളെയും കണ്ടെത്താനുമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Post a Comment

Previous Post Next Post