പയ്യോളി: പയ്യോളി മൂരാട് ഓയിൽ മില്ലിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. അപകടത്തിൽ കാർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ പൊയിനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11.24 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ദേശീയപാതയിൽ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിൽ മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി നിൽക്കുകയായിരുന്നു മോളി. ഈ സമയം വടകര ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞടുത്ത കാർ മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടം നടന്നയുടൻ തന്നെ മോളിയെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കാർ യാത്രികരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളി പോലീസും വടകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് കേസെടുത്തു.