കണ്ണൂർ: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനിടെ കണ്ണൂരിൽ പനി ബാധിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശികളായ റിയ ലീനിഷ് (21), ശ്യാമപ്രസാദ് (29) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
വിദഗ്ദ്ധ പരിശോധനകൾക്കായി ഇവരുടെ രക്തസാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാ ഫലങ്ങൾ ലഭ്യമായിട്ടില്ല. എങ്കിലും പ്രാഥമിക വിവരങ്ങൾ അനുസരിച്ച് കടുത്ത പനി തന്നെയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന സൂചന. പരിശോധനാ ഫലം വന്നതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ.
പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും, അടിയന്തിരമായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടണമെന്നും, ജാഗ്രത പുലർത്തണമെന്നും ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകി. പാനൂർ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.