അത്തോളി: അത്തോളിയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ചാത്രകുന്നത്ത് മീത്തൽ അബ്ദുൽ ജബ്ബാർ (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ കുന്നത്തറ എ.എം.എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം. ആലിൻചുവട്ടിൽ നിന്നും കുന്നത്തറ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടന്ന് വരികയായിരുന്നു ജബ്ബാർ. ഇതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ജബ്ബാർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ് കാർ ഓടിച്ചതെന്നാണ് വിവരം. കാർ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളിയാണ് അബ്‌ദുൾ ജബ്ബാർ. പിതാവ്: പോക്കു. മാതാവ്: പാത്തുമ്മ. ഭാര്യ: ഷെറീന. മക്കൾ: ജംഷീർ, ജാസിർ, ഷമീർ. സഹോദരൻ: ജമാൽ.