Trending

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് (എം പോക്‌സ്) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗം. നേരത്തെ വിവിധ രാജ്യങ്ങളില്‍ മങ്കി പോക്‌സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ആഗോള അടിയന്തരാവസ്ഥയില്ല. 2024 സെപ്റ്റംബറില്‍ മലപ്പുറം എടവണ്ണയില്‍ യുഎഇയില്‍ നിന്നെത്തിയ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ, ശരീര സ്രവങ്ങളിലൂടെയൊ ഇത് മനുഷ്യരിലേക്ക് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ എം-പോക്സ് വൈറസ് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതൻ്റെ ശ്വാസകോശ സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഒരാളിൽ നിന്ന് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. പനി, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ശരീരത്തിൽ കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

Post a Comment

Previous Post Next Post