കോടഞ്ചേരി: പതങ്കയത്ത് കാലൻപാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴിശ്ശേരി സ്വദേശി ഷിബിലിയുടെ (21) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൂടെയുള്ളവരെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ഷിബിലി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ 12 അംഗ സംഘത്തിൽ ഗൈഡായി എത്തിയതായിരുന്നു ഷിബിലി. കാലൻപാറയിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട കൂടെയുണ്ടായിരുന്ന മൂന്നുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്. പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അപകടത്തിൽപ്പെട്ട മുന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിയെ കാണാതാവുകയായിരുന്നു.
തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിൽ ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.