സു.ബത്തേരി: വയനാട്ടിൽ 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി തെക്കേപുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസ്സിൽ വരികയായിരുന്ന ഇയാളെ കോട്ടക്കുന്നിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിയിലായ സനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.
മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് ബത്തേരിയിലെ ആശുപത്രിയിൽ നടത്തിയ സ്കാനിങിൽ വയറ്റിനുള്ളിൽ ലഹരിമരുന്ന് പാക്കറ്റ് ഉള്ളതായി സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.